Sunday, October 28, 2012


പഴമയുടെ പുതുമ

വേട്ടാളന്‍ കൂട് കൂട്ടി  മുരള് അടഞ്ഞു പോയ കിണ്ടികള്‍,, ക്ലാവ്
 പിടിച്ചു കറുത്തുപോയ ഉരുളികള്‍ മുതലായ ഒരുപാട്
വില പിടിച്ച ഓട്ടുപാത്രങ്ങളും മറ്റും സൂക്ഷിക്കുന്ന ഭൂത
കാലത്തിന്റെ തട്ടിന്‍ പുറത്തേക്കുള്ള ഗോവണി കാലാന്തരത്തില്‍
 ദ്രവിച്ചു നശിച്ചു പോയിരുന്നു . മറവിയുടെ ചിലന്തി
 വലയങ്ങല്ക്കിടയിലൂടെ ഒരു ചെറിയ ടോര്‍ച്ചിന്റെ പ്രകാശത്തില്‍
ഒരു താത്കാലിക ഗോവണി ചാരി ഒരായിരം വവ്വാലുകളെ
 ഭയപെടുത്തി,  സ്വയം ഭയന്ന് ,നിറം മങ്ങിയതെല്ലാം അയാള്‍  താഴെ
ഇറക്കി,, മടിയില്‍ സൂക്ഷിച്ചിരുന്ന പൊടികൊണ്ടു  മിനുക്കി എടുത്തു ഷോ
കേസില്‍ വെച്ചു

പഴമയുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തില്‍ മാളോര് അയാളെ
 പുകഴ്ത്ത്തിയപ്പോ  , കയില്‍ പറ്റി യിരുന്ന പൊടികൊണ്ട്
അറിയാതെ മുഖം തുടച്ചത് കൊണ്ടായിരിക്കും അയാളും ഒന്ന്
തിളങ്ങി

Tuesday, October 23, 2012

രാത്രിവണ്ടി

വെക്കേഷനും കഴിഞ്ഞ്നാട്ടില്‍ നിന്ന് രാത്രി തീവണ്ടിയില്‍ പോയ്കൊണ്ടിരിക്കുന്ന അവള്‍ക്കു എന്തെന്നറിയാത്ത ഒരു പേടിയും സങ്കടവുമാണ് തോന്നിയത്, ഞായറാഴ്ച, വയ്കു ന്നേരങ്ങളിലെ സങ്കടം  പോലെ,  പിറ്റേന്ന് സ്കൂള്‍ ഉണ്ടല്ലോ എന്ന ഓര്‍മയാണ് ചെറു തായിരിക്കുമ്പോള്‍ ഞായറാഴ്ച സങ്കടത്തിന്റെ കാരണം .പക്ഷെ വലുതായിട്ടും പഠനത്തിന്റെയും ശിക്ഷകളുടെയും കാലം കഴിഞ്ഞിട്ടും ഞായര്‍ സന്ധ്യകള്‍ വല്ലാതെ സങ്കട പ്പെ ടുത്തുന്നു ഒരു കാരണവുമില്ലാതെ ....

......ഒരു അല്ലലും അറിയാത്ത സുഖ സമൃദ്ധിയുടെ നടുവിലേക്ക് ഓടുന്ന  ഈ തീവണ്ടി അവളെ സന്തോഷപെടുത്തേണ്ടതാണ് .പക്ഷെ അര്‍ദ്ധരാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് പാതി മയക്കത്തിലിരിക്കുന്ന ആ കൊച്ചു സ്റ്റേഷനെ വിറപ്പിച്ചുകൊണ്ട് സടകുടഞ്ഞെഴുന്നേല്‍പ്പിക്കുന്ന ,കാലാനുസൃതമായ ഒരു മാറ്റത്തിനും  വിധേയന്‍ ആകാന്‍ കൂട്ടാക്കാത്ത ഈ തീവണ്ടിയോടു പണ്ടേ അവള്‍ക്കിഷ്ടക്കേട്‌തന്നെയായിരുന്നു 



തീവണ്ടിക്കുള്ളിലെ ആട്ടുകട്ടിലില്‍ കിടന്നാടുമ്പോള്‍ ,ഈ വണ്ടി ഇതേ വേഗതയില്‍ പുറകോട്ടു ഓടുന്നതിനെ പറ്റിഅവള്‍ ആലോചിച്ചു .കാലഘട്ടങ്ങളാകുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്താതെ അലറികുതിച്ച് വീണ്ടും അരക്ഷിതാവസ്ഥയുടെ നേര്‍ പതിപ്പായ അഞ്ചു വയസുകാരിയായി താന്‍ മാറുമോ എന്നവള്‍ ഭയപ്പെട്ടു വല്ലാതെ മെലിഞ്ഞ് ,ഇടതു ചുമലില്‍ നിന്ന് എപ്പോഴും ഊര്‍ന്നിറങ്ങുന്ന ഉടുപ്പിന്‍റെ കഴുത്തിനെ വലതുകൈ കൊണ്ട് ശരിയാക്കി എല്ലാ ഇടത്തും നടക്കുന്ന എന്നാല്‍ ആരുടേയും കണ്ണില്‍ പെടാത്ത അവളെഅവള്‍ കണ്ടു 



നിറഞ്ഞൊഴുകുന്ന തോടുകളില്‍ ഒഴുക്കിവിട്ട ഒരു ആലിലയുടെ പിന്നാലെ ഒരു വടിയും കൊണ്ട്  ഓടുന്നതും ,കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ഒറ്റപെട്ടു പോയ പക്ഷിയുടെ ശബ്ദത്തിനു കാതോര്‍ക്കുന്നതും  ,മാങ്ങാ ഞാറിന്റെ മണമുള്ള പുല്ലുകള്‍ തേടി പിടിച്ചു വാസനിച്ച് നോക്കുന്നതും ,തൊണ്ടിപ്പഴം പഴുത്തിട്ടുണ്ടോന്നു നോക്കിയും തനിച്ചു പാടങ്ങളും തൊടികളും അലയുന്ന, അമ്പലത്തിലെ സന്ധ്യക്കുള്ള വെടിയൊച്ച പാടത്ത് പ്രതിധ്വനിക്കുമ്പോള്‍ പക്ഷികള്‍ക്കൊപ്പം ഞെട്ടി പിടഞ്ഞു വീട്ടിലെക്കോടുന്നതും അവള്‍ക്കൊപ്പം നീളമുള്ള ക്ലാവ്പിടിച്ച വിളക്കില്‍ ധൃതി യില്‍ ഇട്ട തിരി കൊളുത്തി, മേല്കഴുകാണ്ട് വിളക്ക് കൊളുത്തുന്നതിനു ശകാരം വാങ്ങുന്നതും ,വീട്ടിലെ വര്‍ത്തമാന സഭക്ക് നടുവില്‍ കിടന്നുറങ്ങുന്നതും ആരോ വലിചെഴുന്നെല്പ്പിച്ച് ചോറിന്റെ മുന്നില്‍ ഇരുത്തുന്നതും, വീണ്ടുംഉറക്കംതൂങ്ങുന്നതും....



, അടുത്തുള്ള അമ്പലത്തില്‍ ആരുടെയൊക്കെയോ കൂടെ പത്ത് ദിവസവും ഉല്‍സവത്തിന് പോകുന്നതും, കൂത്ത് പറയുന്നാളുടെ തൊട്ടടുത്തുതന്നെ കണ്ണ് മിഴിച്ചിരിക്കുന്നതും, കഥയോടൊപ്പം ഉറക്കത്തില്‍ പോകുന്നതും മിഴാവിന്റെ കലാശ കൊട്ടില്‍ ഞെട്ടിഎഴുന്നേറ്റ്പകച്ചുനോക്കുമ്പോള്‍ കൂടെ വന്നവരെ കാണാതെ പട്ട്ളുംകൂട്ടത്ത്തിനിടയിലൂടെയുള്ള ഇടവഴികളിലൂടെ കോടാനുകോടി പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പേടിച്ചോടുന്നതും എവിടെയെങ്കിലും വീണ്ഒരിക്കലും ആറാത്ത മുറിവുള്ള മുട്ടില്‍ നിന്നും വീണ്ടും ചോര ഒലി പ്പിച്ചുകൊണ്ട് ഓടി തളര്‍ന്ന ആബാല്യത്തിലേക്ക് ഈ തീവണ്ടി തിരിച്ചു പായുമോ എന്നോര്‍ത്ത് അവള്‍ ഇറുക്കി കണ്ണടച്ചു കിടന്നു

Tuesday, October 16, 2012



പിതൃ വാത്സല്യത്തിന് അല്‍പ്പമാത്രം അര്‍ഹ എങ്കിലും

നീ  താതന്‍റെ ഇഷ്ടപുത്രീ  ജാനകി

പിറന്ന നാടിന്‍ പ്രിയം ചോരുംമുന്നേ പറിച്ചു നടപെടുന്നവ ളെങ്കി ലും

 നീ നാടിന്‍ പുണ്യം പ്രിയ മൈഥിലി

പതി തന്‍ ഇഷ്ടം കാക്കുന്നവള്‍  നിഷ്ഠ ഉള്ളവള്‍

നീ പ്രിയത ,പ്രിയം വദ, പതിവ്രത

ശിവാനി ആകാന്‍ തപം ചെയ്യുന്നവള്‍

പാഞ്ചാലിയാകാനും വിധിക്കപെടുന്നവള്‍

പാര്‍വണെന്ദു വിനെ കണ്ടില്ലെന്നു നടിക്കുന്നവള്‍

നിന്‍റെ സ്വപ്ന  ങ്ങള്‍ നിനക്കുളില്‍  തളക്കുമ്പോള്‍

നീ  സര്‍വം സഹ,സൌമ്യ ,, കുലവധു

നിന്‍റെ മോഹങ്ങളേ നീ മെല്ലെ ഒന്ന് തലോടുമ്പോള്‍

നീ ചപല അബല  അഭിസാരിക

പതിക്കായ്‌ നീതിയോടു പോരാടി മധുരയെ

ചുട്ടെരിച്ച  മീനാക്ഷിയും  നീ

പതി തന്‍ അവിശ്വസത്താല്‍  സ്വയം എരിഞ്ഞ

വ യ്ദേഹി യും  നീ

ഇനിയും എത്ര എത്ര വിശേഷണങ്ങള്‍ നിനക്കായ്‌

നിന്നെ നിനക്കുള്ളില്‍ വീണ്ടും തളയ്ക്കുവാന്‍
  

Sunday, October 7, 2012

വീണ്ടും ഒരു ശകുന്തള


ഒരു ശകുന്തള

റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്‍റില്‍ അവനവന്‍റെ സ്ഥലം കണ്ടു പിടിച്ച് സാമ്രാജ്യത്ത കൊടിനീട്ടി ബാഗ്‌ വെച്ച് ലൈറ്റ് ഓഫാക്കുന്നതുവരെ അവള്‍ അവിടെ ഉണ്ടായിരുന്നില്ല .പിന്നീടെപ്പോഴോ സുഖനിദ്രയില്‍
നിന്നെന്നെ ഉണര്‍ത്തിയത് അവള്‍ മൂടി തുറന്ന തൂക്കുപാത്രത്ത്തിലെപുളിച്ച ഗന്ധമുള്ള ചായ യായിരുന്നു

അവള്‍ ,കൌമാരം കടക്കാത്ത അമ്മ ,കാലുകള്‍ നീട്ടിവച്ച് പുറംതിരിഞ്ഞിരുന്ന്, കുഞ്ഞിനു പാല്‍ കൊടുക്കുന്നു .ഇടയ്ക്കിടെ ആര്‍ത്തിയോടെ തൂക്ക് പാത്രം തുറന്ന്ചായ കുടിക്കുന്നു. പുറത്തുനിന്ന് ട്രെയിന്റെ താളത്തിനോപ്പം അവളില്‍ പതിക്കുന്ന
വെളിച്ചം അവള്‍ ഒരു സുന്ദരികുട്ടിയയിരുന്നതിന്റെ എല്ലാ അടയാളങ്ങളും കാണിക്കുന്നുണ്ട് .പക്ഷെ ഇപ്പൊ പതിനാറു കഴിയാത്ത ഒരു ജീവനെ എഴുപതിന്റെ കുപ്പായമണിയിച്ചപോല്‍
അവള്‍ അവശയായിരുന്നു

 അവളുടെ ഇരിപ്പും മുഖത്തെ വിളര്‍ച്ചയും കൈയ്യിലെ ചോരകുഞ്ഞും,, പ്രസവമുറിവുണങ്ങുന്നതിനു മുമ്പേ ഏതോ
ആസ്പത്രിയില്‍ നിന്നും   ലക്‌ഷ്യം തേടിയുള്ള അവളുടെ യാത്രയെ വരച്ചു കാട്ടുന്നു.

ഇടക്കെപ്പോഴോ ചിണ്‌ങ്ങാന്‍തുടങ്ങിയ കുഞ്ഞിനെ ലോകം മുഴുവന്‍ മറന്നു അവള്‍ ഓമനിക്കുന്നത് ചിലര്‍ പുച്ഛത്തോടെ നോക്കി പുതപ്പ് വലിച്ചിട്ട് തിരിഞ്ഞു കിടന്നു ചിലര്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാലോ എന്ന് കരുതി കാതില്‍ പാട്ടിന്റെ ഇയര്‍ ഫോണ്‍ കുത്തി തിരുകി.

ഇവള്‍  കുന്തിയെപോല്‍ ,ക്ഷമയില്ലാതെ വരം പ്രയോഗിച്ച് ഇന്ന് ശകുന്തളയെപോലെ കുഞ്ഞിന്‍ പിതൃത്വം തേടി ,കറുത്ത കോട്ടിട്ട ടികറ്റ്‌ നോക്കുന്ന ദുര്‍വാസാവിന്റെ ശാപം കേള്‍ക്കാതെ
ദുഷ്യന്തനെയും സ്വപ്നം കണ്ടു യാത്രതുടരുന്നു

അവളിലൂടെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആലപ്പുഴക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമവും , ഒരു ചായ കടയും, അവിടെ ജോലിക്ക് നില്‍ക്കുന്ന തമിഴ്‌ പയ്യന്‍റെ സയ്ക്കിള്‍ മണിയും അതുകേട്ട്
കുണുങ്ങി നില്‍ക്കുന്ന ഒരു പത്താം ക്ലാസ്‌കാരി  സുന്ദരി കുട്ടിയേയും കണ്ടു . ചകിരി ചീയുന്ന ഗന്ധമുള്ള തെക്കന്‍ കാറ്റും കുട്ടനാടന്‍ ഓളങ്ങളും അവരുടെ പ്രണയം പറഞ്ഞു ചിരിച്ചു .ഒടുവില്‍
അവ്യക്തവും അപൂര്‍ണവുമായ ഒരു മേല്‍വിലാസവും ജീവന്‍റെ ഒരു തുടിപ്പും അവള്‍ക്കു നല്‍കി തിരിച്ചുവരാം എന്ന വാഗ്ദാനവുമായ്
 അവളുടെ സൂര്യന്‍ അസ്തമിച്ചു.

കയര്‍ പിരിക്കുന്നവരുടെ കയ്കരുത്ത് ഭയന്നോ , അവന്‍റെ ജീവിത പ്രാരാബ്ദ മോ അതോ കേട്ട് പഴകിയ ചതിയുടെ  മുഖമോ എന്തായാലും അവന്‍ വന്നില്ല

പക്ഷെ ഈ സൂര്യപുത്രന്‍ അവനു സമയമാകുമ്പോള്‍ വരാതെ പറ്റില്ലല്ലോ അവനിങ്ങുപോന്നു .തന്‍റെ സൃഷ്ടാവിനെ പോലെ അവളുടെ അവസാന തുള്ളി രക്തവും ഊറ്റി കുടിച്ചു ശാന്തനായ്‌ അവളോടൊപ്പം യാത്രയില്‍.

താതനും തോഴിമാരും കൂടെ ഇലാതെ, സ്നേഹത്തിന്‍റെ തണല്‍ വിരിച്ച ആശ്രമം  ഉപേക്ഷിച്ച്, പട്ടണത്തിലേക്ക് പോകുന്ന
ഇവള്‍ ,തിരസ്കരിക്കപെടുന്ന ശകുന്തളമാര്‍ക്ക് നേരെ നീളുന്ന നഗരത്തിലെ കറുത്ത കരങ്ങളെ കുറിചോര്‍ക്കാതെ, എത്തിപെട്ടു അനുഭവിക്കാന്‍
പോകുന്ന മൂഡസ്വര്‍ഗത്തില്‍ ലയിച്ചങ്ങനെ ഇരുന്നു

അവളുടെ മുഖം, നാളെ ഒരു നെടുവീര്‍പ്പിനപ്പുറം പോകാത്ത ഒരുചരമ  വാര്‍ത്ത യായോ ,,  നഗര തിരക്കില്‍ അമ്മയെ കിട്ടാതെഅലയുന്ന കുഞ്ഞിന്‍റെരോദന മായോഎന്നില്‍ നിറഞ്ഞു നിന്നു.


Tuesday, October 2, 2012

വാരിയെല്ല്





ഇന്നെനിക്കില്ല പരിഭവത്തിന്‍ മേഘങ്ങള്‍
ഇരുട്ടി തുടിച്ചു വിതുമ്പി പെയ്തിടാന്‍
ഒരു സ്വാന്ത്വന കാറ്റായ്‌ നീ ഇല്ലയെങ്കില്‍

ഇന്നെനിക്കില്ല സന്ദേഹത്തിന്‍ ഭാണ്ഡങ്ങള്‍

അലക്കി പിഴിഞ്ഞ് വെളുപ്പിച്ചീടുവാന്‍
ഒരു തെളിനീ ര്‍ പുഴയായ് നീ ഇല്ലയെങ്കില്‍

ഇന്നെനിക്കില്ല നാണത്തിന്‍ കുളിര്‍മുകുളങ്ങള്‍

ചുവന്നു തുടുത്ത് വിടര്‍ന്നീടുവാന്‍
ഒരു ചുംബന സൂര്യനായ്‌ നീ ഇല്ലയെങ്കില്‍

ഇന്നെനിക്കില്ല വിശപ്പിന്‍ ജ്വാലകള്‍

ആളലായ് എന്നെ ആകെ തളര്‍ത്തുവാന്‍
ഒരുരുളയായ് എന്നെയൂട്ടുവാന്‍ നീയില്ലയെങ്കില്‍

ഒരു താങ്ങ് മരമായ്‌ നീ ഇല്ലയെങ്കില്‍

താന്ന് കിടപ്പാനെ തരമുള്ളുവെങ്കിലും
നിന്‍ വാരിയെല്ല് ഞാന്‍ എന്ന അഹങ്കാരം
ആരെനിക്ക് തന്ന ആശ്വാസ അലങ്കാരം


എന്നീശന്‍ ആത്മാവിന്‍ശബ്ദമായ്‌, 
ആശങ്കക്കുത്തരമായ്‌
ബാല്യകൌമാരത്തില്‍ 
താങ്ങായ്,തണലായ്‌, തോഴനായ്‌
സ്വാര്‍ത്ഥമരുഭൂവില്‍ ഇളംതെന്നലായ്,
നേര്‍വഴികാട്ടിയായ്
ഭയാന്ധകാരത്തില്‍ ഒരു 
കുഞ്ഞു സൂര്യനായ്‌
എന്നിലലിഞ്ഞു സത്യമായതല്ലേ?   
പിന്നെയും തേടുവതെന്തിനു
നിന്നെ വെറുംശിലയില്‍ 
കേവലമാനുഷ്യശീലത്തിന്‍ പേരിലോ?